← All entries
ഓർമ്മക്കുറിപ്പ്

സൈനിക സ്കൂൾ ഓർമ്മകൾ

Sherin Bas · 3173 · Batch 2001

ട്രങ്ക് പെട്ടിയും ഓക്സ്ഫോഡ് പാറ്റേൺ ഷൂസും......

വലിയ വേനലവധിക്ക് പതിവുപോലെ പറമ്പിൽ കളിച്ചു കൊണ്ടിരുന്ന സമയത്താണ് മുൻപിൽ അച്ഛൻ പ്രത്യക്ഷപെട്ടത്..! മുഖം തെളിഞ്ഞിട്ടല്ല.... എന്തോ ഒരു 'പണി' പ്രതീക്ഷിച്ച എന്നോട് വീട്ടിലേക്ക് വേഗം വരാൻ പറഞ്ഞു.. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ വീട്ടിലേക്കോടി.. അവിടെ അമ്മയുടെ മുഖവും സമാനം.. പിന്നീടാണ് അറിഞ്ഞത് സൈനിക സ്കൂളിലേക്കുള്ള 'ജോയിനിങ് ലെറ്റർ' വന്ന വിവരം...!

'ജോയിനിങ് ലെറ്ററിലൂടെ ഞാനുമൊന്നു കണ്ണോടിച്ചു... ഒന്നും മനസ്സിലായില്ല..! അതിന്റെ കൂടെ വന്ന ഒരു ലിസ്റ്റിലായിരുന്നു അച്ഛന്റെ കണ്ണ് മുഴുവനും. വിവിധ ഇനം സാധനങ്ങളുടെ ഒരു 'നീണ്ട നിര'...!! അച്ഛൻ തന്നെ എന്നെ അത് വായിച്ചു കേൾപ്പിച്ചു....

"ട്രങ്ക് ബോക്സ്‌.... ഓക്സ്ഫോഡ് പാറ്റേൺ ഷൂസ്"

എന്നീ പേരുകൾ മനസ്സിൽ പതിഞ്ഞു...

ആ സമയത്ത് അച്ഛന് ജോലി ഇല്ലായിരുന്നു... അമ്മക്കാണെങ്കിൽ കൂലിപ്പണി. എങ്കിലും എന്നെ എങ്ങനെയെങ്കിലും സ്കൂളിൽ ചേർക്കണമെന്ന് അച്ഛന് വാശിയായിരുന്നു. എറണാകുളത്തുള്ള പഴയ ഓഫീസിലും ബന്ധുക്കളുടെ അടുത്തേക്കും എന്തെങ്കിലും സഹായത്തിനു പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചത്... അതിന്റെ മുന്നോടിയായിരുന്നു എന്നെ കൂട്ടികൊണ്ട് വന്നത്..! അന്ന് തന്നെ പോകാൻ റെഡി ആയി.. വൈകിട്ട് തന്നെ അടൂരിൽ നിന്നും വണ്ടി കയറി.

'ആടുജീവിതത്തിലെ നജീബിന്റെയും ഹക്കീമിന്റെയും' അവസ്ഥ ആയിരുന്നു പിന്നീടുള്ള കുറച്ചു ദിവസം ഞങ്ങൾക്ക്.. എറണാകുളം മുഴുവൻ അലച്ചിൽ..! അച്ഛൻ പലയിടത്തും കയറിയിറങ്ങി കുറച്ച് പണമൊപ്പിച്ചു. വാങ്ങിയത് മിക്കവാറും എറണാകുളം 'ബ്രോഡ് വേ' ലെ ചന്തകളിൽ നിന്നുമായിരുന്നു.. തൈയ്ക്കാൻ കുറച്ചു തുണികളെടുത്തു. അതിൽ "സ്റ്റീൽ ഗ്രേ" കളർ ഞങ്ങളെ വല്ലാതെ കുഴക്കി..".. അച്ഛൻ പലയിടത്തു നിന്നും കടം വാങ്ങിയാണ് ഇതൊക്കെ ഒപ്പിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ബുദ്ധി അന്നില്ല..!

ഒടുവിൽ 4-5 ദിവസത്തെ അലച്ചിലിന് ശേഷം ഞങ്ങൾ തിരിച്ചെത്തി...ഞാൻ നന്നേ ക്ഷീണിച്ചു പോയിരുന്നു. കുഞ്ഞ് വല്ലാതെ ആയല്ലോ എന്ന അമ്മയുടെ ചോദ്യത്തിന്

"അവന്റെ ഷഡ്ഢിയും നിക്കറും വാങ്ങാൻ അവനെ കൊണ്ടുപോകണ്ടേ"

എന്ന് അച്ഛൻ..! അച്ഛന്റെ പെടാപ്പാട് പുള്ളി ആരോട് പറയും.....

സ്കൂളിൽ ചേരണ്ട സമയം വന്നെത്തി.. വീട് വിട്ടു പോകുന്നതിന്റെ വിഷമം എനിക്ക്... സാധനങ്ങൾ മുഴുവൻ ആകാത്തതിന്റെ വിഷമം അച്ഛന്.... ഒരു ദിവസം മുൻപേ കഴക്കൂട്ടത്ത് എത്തി ഞങ്ങൾ. "ട്രങ്ക് ബോക്സ്‌" എന്ന് പേര് മാറ്റിയ കളർ പൂശിയ 'തകര പെട്ടി' വാങ്ങാൻ അധികം പാടു പെടേണ്ടി വന്നില്ല... പക്ഷേ വില കേട്ട് അച്ഛൻ ഞെട്ടുന്നത് ഞാൻ കണ്ടു...! അത് പോലെ തന്നെ "ഓക്സ്ഫോഡ്" പാറ്റേൻ ഷൂസ്.. തീരെ ചെറുതായിരുന്ന എന്റെ കാലിനു പറ്റിയ ഒരു റബ്ബർ ഷൂസ് മാത്രമാണ് അച്ഛൻ വാങ്ങിയത്.. അതും നല്ല കനമുള്ളത്.

ആ ഷൂസ് വലിച്ച് ഞാൻ നടന്നു പോകുന്ന രംഗമോർത്ത് അമ്മ ഇപ്പോഴും കണ്ണ് നനയിക്കാറുണ്ട്....! മറ്റുള്ളവരുടെ അത്രയും ആയില്ലെങ്കിലും അച്ഛൻ ഒരു വിധം എല്ലാ സാധനങ്ങളും വാങ്ങി തന്നു... "ഓക്സ്ഫോഡ് പാറ്റേൺ " ഷൂസ് ഒഴികെ..! കുറച്ച് സാധനങ്ങൾ വാങ്ങാൻ അന്നത്തെ മേട്രൺ നളിനാകുമാരി മിസ്സ്‌ കുറച്ച് ദിവസത്തെ സമയം തന്നു.....

അച്ഛനമ്മമാർ പോയി കഴിഞ്ഞ് ചിലരുടെ കട്ടിലിനടിയിൽ ഞാൻ കണ്ടു ഒറിജിനൽ "ട്രങ്ക് ബോക്സും ഓക്സ്ഫോഡ് പാറ്റേൺ ഷൂസും"........!

ഇന്നും ഇതൊക്കെ ആലോചിക്കുമ്പോൾ കണ്ണ് നനയാറുണ്ട്. നമ്മൾക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കളെയും ഒന്നുമില്ലാതിരുന്നിട്ടും കൂടെചേർത്ത് നിർത്തിയ സൈനിക് സ്കൂളിലെ കൂട്ടുകാർക്കും ഒരായിരം നന്ദി....!


സ്കൂൾ കഫെറ്റീരിയ - ചില ഓർമ്മകൾ

എനിക്ക് സ്കൂളിൽ കുറേ ഓർമ്മകൾ ഉള്ള ഒരു സ്ഥലം "സ്കൂൾ കഫറ്റീരിയ" ആയിരുന്നു. ആ പേര് തന്നെ പഠിച്ചെടുക്കാൻ കുറേ ദിവസമെടുത്തു 😄 അങ്ങനെ ഒരു പ്രസ്ഥാനമുണ്ടെന്നു അറിഞ്ഞത് ഡോർമിട്ടറിയിലെ ആസ്ഥാന തീറ്റക്കാരിൽ നിന്നുമായിരുന്നു..!

ആദ്യം ഒക്കെ കയ്യിലെ കാശും കണ്ണാടിയിലെ പലഹാരങ്ങളും തമ്മിൽ ഒരു "സ്വര ചേർച്ചയില്ലായ്മ" അനുഭവപ്പെട്ടു..! പിന്നീട് ഒരു ദിവസം 'ബട്ടർ ബൺ' വാങ്ങാനുള്ള കാശ് തരപ്പെട്ടപ്പോൾ കൂട്ടുകാരുടെ കൂടെ പോയി വാങ്ങി കഴിച്ചു...

കുറേ നല്ല സൗഹൃദങ്ങളാണ് (അന്നും ഇന്നും) നമ്മളെ എപ്പോഴും ഇല്ലായ്മ എന്ന സങ്കടവസ്ഥയിൽ നിന്നും കൈ പിടിച്ചു കയറ്റിയിട്ടുള്ളത്.. അതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു നമ്മുടെ 'കഫറ്റീരിയ'. പല ഞായറാഴ്ചകളിലും 'ഷെയർ' ഇട്ട് ഒരു പാട് പലഹാരങ്ങൾ കഴിച്ചിട്ടുണ്ട്. സ്വീറ്റ് പൊറോട്ട, ബട്ടർ ബൺ എന്നിവ ഇഷ്ട പലഹാരങ്ങൾ 🥰. 'കോള' എന്ന ഇഷ്ടനെ പരിചയപ്പെട്ടതും അവിടെ നിന്ന്... 😄 അന്ന് 4-5 പേര് ചേർന്ന് കുടിച്ചിരുന്ന കോളയുടെ (Gold Spot) രുചി ഇപ്പോഴും നാവിലുണ്ട്....!

സീനിയർ ഹൗസിന്റെ അവസാന കട്ടിലുകൾ കൈയ്യടക്കിയപ്പോൾ 'കഫറ്റീരിയ' സന്ദർശനം ജൂനിയർ പിള്ളേരിലൂടെയായി..

"ശൂ... ശൂ..."

ശബ്ദം സീനിയർ ഹൗസിന്റെ ജനലിൽ നിന്ന് കേൾക്കുമ്പോൾ തന്നെ ജൂനിയർ കുട്ടികൾ ജീവനും കൊണ്ട് പാഞ്ഞിരുന്നു 😄 ചില്ലറ പൈസ കൂട്ടി അവർക്കു കൊടുത്തു വിട്ട് വാങ്ങിയ സമോസകൾ ഞങ്ങൾ വട്ടം കൂടിയിരുന്നു തിന്നിരുന്നു.... അന്ന് ഞങ്ങളുടെ Swiggy യും Zomato യും ഒക്കെ ജൂനിയർ /സബ് ജൂനിയർ പയ്യന്മാരായിരുന്നു.... 😝

സീനിയർസ് കടന്ന് വരുമ്പോൾ കഫെറ്റീരിയയിൽ ചില 'മേശകൾ' കാലിയാവുന്നത് രസകരമായ കാഴ്ചയായിരുന്നു....

അന്നും ഇന്നും നമ്മുടെ 'Cafeteria' ഇഷ്ടം 😍


സ്കൂളിലെ വെറുക്കപ്പെട്ട ഞായറാഴ്ചകൾ

ശനിയാഴ്ച വൈകുന്നേരം കിടന്നുറങ്ങുമ്പോൾ എപ്പോഴും അടുത്ത ദിവസമായ ഞായറാഴ്ചയെക്കുറിച്ച് നല്ല ആവലാതിയായിരുന്നു.... അവധി ദിവസമായിട്ടുപോലും.....! എന്തിന്....?

ഞായറാഴ്ച ആയാൽ വൈകി എണീക്കാം, PT ഇല്ല, സ്കൂൾ കോമ്പൗണ്ടിനു വെളിയിൽ അമ്പലം പള്ളി ദർശനം എന്ന പേരിൽ പുറത്തു ചാടാം, വൈകുന്നേരം ദൂരദർശനിൽ മലയാള സിനിമ, ഒരു നല്ല ഉച്ചയുറക്കം എന്നിങ്ങനെ ആഴ്ചയിൽ ഒരിക്കൽ മാത്രം കിട്ടുന്ന അസുലഭ ശുഭ നിമിഷങ്ങൾ...!! എന്നിരുന്നാലും.... മനസ്സിന് വല്ലാത്ത ഒരു ഭാരം തരുന്ന ദിവസം കൂടിയാണ്......

എന്തു കൊണ്ടായിരിക്കാം....?

അന്നൊക്കെ രാവിലെ 9 മണി മുതൽ സ്കൂളിലേക്ക് മക്കളെ കാണാനുള്ള മാതാപിതാക്കളുടെ പ്രവാഹമാണ്.. ഓട്ടോറിക്ഷകൾ, കാറുകൾ, സ്കൂട്ടറുകൾ എന്നിവ വന്ന് നിൽക്കുന്നു... വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ പലഹാരങ്ങളും ചെറിയ പുഞ്ചിരിയുമായി അച്ഛനമ്മമാർ കുഞ്ഞുങ്ങളെ തേടി ഡോർമിട്ടറികളിലേക്ക് കടന്നു ചെല്ലുന്നു... ക്യാമ്പസ്സിലെ ഓരോ മരത്തിനടിയിലും കാണാം കൊച്ചു കൊച്ചു കുടുംബങ്ങൾ സ്നേഹവും പലഹാരങ്ങളും പങ്കു വെക്കുന്നു.... ആകെ മൊത്തം ഒരു 'Homely Feeling'...

പിന്നെ എവിടെയാണ് ആ നൊമ്പരം..?

അതെ... മിക്കവാറും ആ കൂട്ടത്തിൽ എന്റെ ആരെയും കാണാത്തതിന്റെ നൊമ്പരം.... അത് തന്നെ...!!

അന്നൊക്കെ അച്ഛനമ്മമാർ കൊണ്ട് വരുന്ന പലഹാരങ്ങൾ സുഹൃത്തുക്കൾ പങ്കു വെക്കുമ്പോൾ മനസ്സിൽ കരഞ്ഞു കൊണ്ടാണ് ഒരു പങ്ക് എടുക്കാറുള്ളത്. ഡോർമിട്ടറി മുറ്റത്ത് അവരുടെ സ്നേഹ പ്രകടനങ്ങൾ കാണുമ്പോൾ അറിയാതെയെങ്കിലും കണ്ണുകൾ മാറ്റി ദൂരേക്ക് നോക്കിയിട്ടുണ്ട്.....

"ഏതെങ്കിലും വഴിയിൽ നിന്ന് അച്ഛൻ നടന്നു വരുന്നുണ്ടോ എന്ന് നോക്കി........"

വല്ലപ്പോഴും അച്ഛൻ വരുമായിരുന്നു.. എന്താ എപ്പോഴും വരാത്തത് എന്ന ചോദ്യത്തിന്....

"വണ്ടിക്കൂലി ഒത്തുവരണ്ടേ..?"

എന്ന സ്ഥിരം മറുപടി... (വർഷങ്ങൾക്ക് ശേഷം മനസ്സിലായ മറുപടി). തിരിച്ചു പോകുമ്പോൾ, മറ്റുള്ള അച്ഛനമ്മമാർ കാണിക്കുന്ന കെട്ടിപ്പിടിക്കൽ ഒന്നുമില്ല... പോക്കറ്റിൽ നിന്നും പത്തിരുപതു രൂപ ചുരുട്ടി കയ്യിൽ വെച്ച് തരും. എന്നിട്ട് നടന്നകലും.... അടുത്ത വണ്ടി പിടിച്ച് രാത്രി ആവുന്നതിനു മുൻപ് ജോലി സ്ഥലത്തെത്താൻ...... കരഞ്ഞാൽ മറ്റുള്ളവർ കാണുമെന്ന ചമ്മലുണ്ടായിരുന്നു എപ്പോളും...

പിന്നീട് അനിയൻ സ്കൂളിൽ ചേർന്നപ്പോളും എനിക്ക് ഇതേ അവസ്ഥ തന്നെയായിരുന്നു. അവന് ഞാനുണ്ടായിരുന്നു... പക്ഷെ.... എനിക്ക് ആരുമില്ലാത്ത അവസ്ഥ....!

അതെ.... ഞാൻ ഞായറാഴ്ചകളെ വെറുത്തിരുന്നു.....!!!

You'll be asked for your name and roll number once.

2 comments

Suresh Perinjery · 19982 Aug 2026

Soul stirring narrative. Real life story of persistence amid struggles in life.

Mahesh I M · 471812 Aug 2026

So Beautiful and touching. Felt like an whole ride through the school life. So wholesome ❤️