← All entries
ചെറുകഥ

ആരോഹി

Ranjith PD · 2692 · Batch 1997

ആരോഹി ലോട്ടയുമെടുത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവളെക്കാത്തിരുന്ന് മുഷിഞ്ഞ് കനം വെച്ച വെയിൽ മുറ്റത്ത് കുടിലിൻ്റെ ഒരു നിഴൽച്ചിത്രം വരയ്ക്കുകയായിരുന്നു. അവളതിന് മിഴിവ് വരുന്നതും നോക്കി നിൽക്കേ, കരിയിലകൾ പറത്തിക്കൊണ്ട് ഒരു ചുടുകാറ്റ് അവളോട് കുശലം ചോദിക്കാൻ ചെന്നു. മുറ്റം മുഴുവനും വൃത്തികേടാക്കിയ കാറ്റിനോട് കെറുവിച്ച്, ആരോഹി കുടിലിന്റെ പിന്നാമ്പുറത്തേക്ക് ഉറക്കച്ചടവോടെ നടന്നു.

പനയോല മേഞ്ഞ ആ കുടിലിൻ്റെ ചുമരിൽ മുഴുവൻ എരുമച്ചാണകം പതിച്ചിരുന്നു. തലേ ദിവസത്തെ പണിയാണ്. അവളും നാനിയും ചേർന്നുണ്ടാക്കിയ വരളികൾ ചുമരിൽ അമർത്തിയും എറിഞ്ഞും പിടിപ്പിച്ചത് മാജിയായിരുന്നു. കരിയിലയും ഉമിയും ചാണകവും ചേർത്തുകുഴച്ച് കൈപ്പത്തി വലുപ്പത്തിൽ പരത്തിയെടുക്കുന്ന വരളിക്കൂട്ട് ഒരു താളത്തിൽ വീശിയെറിഞ്ഞാലേ മൺചുമരിൽ ഒട്ടിയിരിക്കൂ. അങ്ങനെ പരത്തിയെടുത്തും വീശിയെറിഞ്ഞും ഒട്ടേറെ വൈകിയാണ് അവർ മൂവരും ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നത്.

തളർന്നുകിടക്കുന്നത് കണ്ടതുകൊണ്ടാവും മാജി അവളെ അതിരാവിലെ വിളിച്ചെണീപ്പിക്കാഞ്ഞതെന്ന് ആരോഹിക്ക് തോന്നി. അവൾക്കത്ഭുതമായിരുന്നു മാജിയെ! എത്ര വൈകിയുറങ്ങിയാലും പുലർച്ചെ തീ കത്തുന്ന ഒരടുപ്പായും വെള്ളം കോരുന്ന തൊട്ടിയായും ചോളം വേവുന്ന കലമായും മാജി മാറുന്നു. പിന്നെ നാട്ടുപൂജയിലെ കാളിമാതാവായും!! ചുകപ്പുടുത്ത് മുടിപറത്തി, കാറ്റിനോട് മത്സരിച്ചു കുതിക്കുന്ന കാളീ മാതാവാകണമെന്ന് അവളും മോഹിച്ചിരുന്നു.

ആരോഹി ചാണകവരളികളിൽ വെറുതെയൊന്നു തൊട്ടു നോക്കി. പച്ചതന്നെയാണ്. അവയിൽനിന്നും കൂട്ടം ചേർന്നുകൊണ്ട് അവശിഷ്ടങ്ങൾ പെറുക്കി വരുന്ന ഉറുമ്പുകളെ കണ്ടപ്പോൾ, രാവിലെ കുട്ടയുമെടുത്ത് ഊരുകളിലും കാലികൾ മേയുന്ന വെളിമ്പ്രദേശങ്ങളിലും നാനിയും ബോലുവിൻ്റെ അമ്മയും അവളും ഒരുമിച്ചു പോകുന്നതും ഉച്ചയാകുമ്പോൾ അവനവന് വേണ്ട ചാണകം തലച്ചുമടായി ശേഖരിച്ചു കുടിലുകളിൽ തിരിച്ചെത്തുന്നതും അവൾക്കോർമ്മ വന്നു. തങ്ങൾ തന്നെയല്ലേ ഈ കാണുന്ന ഉറുമ്പുകൾ എന്ന് അവൾക്ക് തോന്നി. ഇരു കൂട്ടരുടേയും അനിതരസാധാരണമായ ജീവിതച്ചേർച്ചയും നിസ്സഹായതയുമോർത്ത് ആരോഹി തന്റെ കുടിലിന്റെ തൂണിൽ ചാരി നിന്നു. അവൾ അപ്പോഴും മാജിയെ ഓർത്തു.

പലപല രൂപങ്ങളിൽ അവതരിക്കുന്ന മാജി തന്നെയല്ലേ ഈ കുടിൽ താങ്ങി നിർത്തുന്ന തൂണും? അതിൽ തീറ്റ തേടി നടക്കുന്ന ഉറുമ്പുകളല്ലേ അവളും നാനിയും..?! "അയ്യോ", "ആരെങ്കിലും വെറുതെയൊന്നു കൈ വീശിയാൽ ഞങ്ങൾ താഴെ വീണു ചത്തു പോകുമല്ലോ! എന്നവൾ തന്നോടുതന്നെ ആശ്ചര്യപ്പെട്ടു. മുറ്റമടിക്കുമ്പോഴും മുറികൾ വൃത്തിയാക്കുമ്പോഴും വീണുപോയ ഉറുമ്പുകളുടെ നശിപ്പിക്കപ്പെട്ട പരിശ്രമങ്ങളെ ആരോഹിയപ്പോൾ വെറുതെയൊന്നോർത്തു.

അവരെല്ലാം ഒച്ചയില്ലാത്ത ജീവിതയിടങ്ങളിലേക്ക് അരിക് പറ്റിയവരായിരുന്നു. അവശിഷ്ടങ്ങളിൽ നിന്ന് ജീവിതം പെറുക്കിയെടുക്കുന്ന പ്രാണി ജന്മങ്ങൾ!! ചാണകവരളികളും ചുള്ളിക്കമ്പുകളും മാത്രമേ ആ നാട്ടുകാർക്ക് തീ കത്തിക്കുവാൻ പ്രധാനമായും കിട്ടിയിരുന്നുള്ളൂ. മറ്റു സാദ്ധ്യതകളൊന്നും തന്നെ അവരുടെ വിദൂര ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല. പിന്നീടുള്ള ഒരാശ്രയം വല്ലപ്പോഴും അതുവഴി പോകുന്ന കൽക്കരിത്തീവണ്ടിയിൽ നിന്നും ഇടയ്ക്കൊക്കെ വീണുകിട്ടുന്ന കൽക്കരിത്തുണ്ടുകൾ മാത്രമായിരുന്നു.

കുറച്ചുനേരം ഉറുമ്പുകളെ സാകൂതം നോക്കിനിന്ന ശേഷം ആരോഹി മുന്നോട്ടു നടന്നു. കുടിലിൻ്റെ പിന്നാമ്പുറത്തെത്തിയ ആരോഹിയെ കണ്ടതും അവിടെ കെട്ടിയിരുന്ന എരുമകളെ ചുറ്റിനിന്ന പന്നികൾ മുക്രയിട്ടുകൊണ്ട് ഓടിപ്പോയി.. ആ ഗ്രാമത്തിൽ അവർ മാത്രമായിരുന്നു എരുമകളെ വളർത്തിയിരുന്നത്. ആരോഹിയുടെ അബ്ബ രണ്ടുവർഷം മുമ്പ് വാങ്ങിയതാണ് അവറ്റകളെ. അതിന് പുല്ലരിഞ്ഞു കൊടുക്കുന്നതും പാല് കറന്ന് അയൽ വീടുകളിൽ എത്തിക്കുന്നതും ആരോഹിയും നാനിയും ചേർന്നാണ്.

അവൾ കുറച്ചു ചോളക്കച്ചി എരുമകൾക്ക് വലിച്ചിട്ടു കൊടുത്തു. വഴിയരികിലെ ടാങ്കിൽ നിന്നും ലോട്ട മുക്കി വെള്ളമെടുത്തു. ടാങ്കിനടുത്തുള്ള ബബൂൽ മരത്തിൻ്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒരു കമ്പ് പൊട്ടിച്ച് വായിലിട്ട് ചവച്ചു തുടങ്ങി. നാനി പഠിപ്പിച്ച ശീലമാണ്. ബബൂലിൻറെ കമ്പ് വായിലിട്ട് ചവച്ച് പതമാക്കി, കൈവിരൽ കൊണ്ട് പല്ലുതേയ്ച്ചു കഴിഞ്ഞാൽ, ശ്വാസത്തിന് നല്ലൊരു ഗന്ധമാണ്. ആരോഹി ലോട്ടയിലെ വെള്ളം കൊണ്ട് വായും മുഖവും കഴുകി കുപ്പായത്തിന്റെ അറ്റം കൊണ്ട് കൈകൾ തുടച്ചു. ടാങ്കിൽ നിന്നും വീണ്ടും വെള്ളമെടുത്ത് ബേർമരങ്ങൾ തിങ്ങിനിൽക്കുന്ന പ്രദേശം ലക്ഷ്യമാക്കി നടന്നു.

ആ ഗ്രാമത്തിലെ സ്ത്രീകളൊക്കെ ബേർ മരങ്ങൾക്കിയിലേക്കാണ് അതിരാവിലെ ലോട്ടയുമായി, വെളിക്കിരിക്കാൻ പോകാറുള്ളത്. അവർക്കു ശേഷം ഇറങ്ങുന്ന പുരുഷന്മാരാകട്ടെ, പുളിമരങ്ങളും പീപ്പൽ മരങ്ങളും താണ്ടി, റെയിൽപ്പാളത്തിനപ്പുറത്തെ ജലാശയത്തിനടുത്തേക്ക് പോകും. രാവിലെയുള്ള തീവണ്ടികൾക്ക് പിൻതിരിഞ്ഞ് ധ്യാനിച്ചിരിക്കുന്ന അവരെക്കണ്ടാൽ, അപ്പോൾ മുളപൊട്ടിയ മൺപുറ്റുകളാണെന്നേ തോന്നൂ. പെണ്ണുങ്ങളെല്ലാം ആറുമണിക്കും, ആണുങ്ങളെല്ലാം ഏഴുമണിക്കും മുമ്പ് തന്നെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വീട്ടിലെത്തും.

ജോഗ്ബനിയെന്ന റെയിൽവേ സ്‌റ്റേഷന്റെ അധീനതയിലുള്ള സ്‌ഥലത്തിനപ്പുറത്തെ പാഴ്ഭൂമിയായിരുന്നു അത്. ഗ്രാമമെന്ന് തീർത്തും പറയാനില്ല. പത്തുമുപ്പത് വീടുകൾ, ഒരു കിണർ, രണ്ട് ചാമ്പ് പൈപ്പ്, വെള്ളം നിറയ്ക്കാനുള്ള ടാങ്ക്, പന്നിക്കൂട്ടങ്ങൾ കുത്തി മറയുന്ന കറുത്തു കുറുകിയ ഒരു ചളിക്കുണ്ട്.. പിന്നെ, ഒറ്റയ്ക്കും തെറ്റയ്ക്കും വീശിയെത്തുന്ന ചൂടുള്ള പൊടിക്കാറ്റ്.. ഇത്രയുമായിരുന്നു ആ സ്ഥലം.

തീവണ്ടികളെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു ജന്മങ്ങളായിരുന്നു അവിടെ. അവരുടെ സമയവും, കാലവുമെല്ലാം നിർവചിച്ചിരുന്നത് അതുവഴി പാഞ്ഞു പോകുന്ന തീവണ്ടികളായിരുന്നു. പുലർച്ചെ അഞ്ചേകാലിനുള്ള മണ്‌ഡോവി എക്‌സ്പ്രസ്സ്, ആറു മണിക്കുള്ള സംജോത. ഏഴേകാലിനുള്ള ചാമുണ്‌ഡി എക്‌സ്പ്രസ് വന്നാൽ പിന്നെ പതിനൊന്നു മണിവരെ ചറപറ തീവണ്ടികളാണ്. ഇടയ്ക്കൊക്കെ കൂട്ടം തെറ്റിയ ഗുഡ്‌സ് വണ്ടികളും അതുവഴി കടന്നുപോകാറുണ്ട്.

ചില കൂട്ടർ അതിരാവിലെത്തന്നെ വട്ടി നിറയെ പലഹാരവുമായ് സ്‌റ്റേഷനിലേക്കിറങ്ങുന്നു. സൂചി,ചെവിത്തോണ്ടി, നഖംവെട്ടി മുതൽ ഗുഡ്‌കയും തമ്പാക്കും വരെ കഴുത്തിലണിഞ്ഞ വേറെ ചിലർ. മറ്റു കൂട്ടരാകട്ടെ കക്കരി വിറ്റും ട്രെയിൻ തുടച്ചും ഭിക്ഷ തെണ്ടിയും ജീവിതം കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്നു.

ബേർമരക്കാടുകൾക്കിടയിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം നല്ല ഒരു മറ നോക്കി ആരോഹി ഇരുന്നു. പതിവില്ലാത്ത വിധം വൈകിയുറങ്ങിയതിനാൽ അവൾക്ക് പതുക്കെ ഉറക്കം വരാൻ തുടങ്ങി. കാൽച്ചുവട്ടിലെ നീളമുള്ള പുൽനാമ്പുകൾ അവളുടെ ചന്തിയിൽ ഇക്കിളികൂട്ടി. കൂമ്പിത്തുടങ്ങിയ മുലകളെ പതുക്കെയൊന്നു തലോടി അവൾ ഉറക്കക്ഷീണം മാറ്റാനൊരു ശ്രമം നടത്തി.

മരങ്ങൾ തീർത്ത ഇരുട്ടിൽ ചീവീടുകൾ അവളോട് മിണ്ടാൻ തിരക്കുകൂട്ടി. അവൾ ഒരു പാട്ട് പതിയെ മൂളി. അബ്ബയുടെ പാട്ട്. ചില രാത്രികളിൽ, ഭാങ്ങ് തലക്കുപിടിച്ചാൽ അബ്ബയും അവളും ഒരുമിച്ചു പാടുന്ന പാട്ട്. ചീവീടുകൾ സംസാരം നിർത്തി ചെവിയോർത്തു. മരങ്ങൾക്കിടയിൽ കിതപ്പാറ്റാൻ കയറിയ കാറ്റിനൊപ്പം ഒരുപറ്റം ചവറ്റിലക്കിളികൾ അവൾക്ക് ചുറ്റും ശ്രോതാക്കളായ് വന്നിരുന്നു. പാട്ട് മുഴുമിപ്പിക്കാതെ അവളൊരു കോട്ടുവായിട്ടപ്പോൾ അവറ്റകൾ കലഹിയ്ക്കാൻ തുടങ്ങി.

മണിയനീച്ചകൾ മൂളിപ്പറന്നുപൊതിയുന്ന ഒരു പെൺപന്നിയുടെ ശവം കുറച്ചപ്പുറത്തായി കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ ഭ്രാന്തമായി പ്രസവിച്ചത്. ട്രെയിൻ തട്ടിയാണ് അത് ചത്തുപോയത്. കുറക്കന്മാർ കടിച്ചു കൊണ്ടുവന്നിട്ടതാകും. അത് പെറ്റിട്ട കുറെ കുഞ്ഞുങ്ങളെ പട്ടികൾ തിന്നു വിശപ്പടക്കിയതും ആരോഹി കണ്ടിരുന്നു.

അവൾക്ക് ബോലുവിൻ്റെ അമ്മായിയെ ഓർമവന്നു. സുന്ദരിയായ അവരുടെ മക്കളെ കാണാതായതും ആ വിഷമത്തിൽ അമ്മായി തീവണ്ടിക്ക് തല വെച്ചതും.. അവർ തന്നെയല്ലേ ഇവിടെ ഈച്ചകൾ മൂളി കിടക്കുന്നത്? ആരോഹി സൂക്ഷിച്ചു നോക്കി. ആ ശവശരീരത്തിൽ തീറ്റ തേടി വന്ന ഉറുമ്പിൻ കൂട്ടങ്ങൾ തീവണ്ടിബോഗികൾ പോലെ ഒന്നിന് പിറകേ ഒന്നായ് നീങ്ങുന്നതവൾ കണ്ടു.

കുറച്ചു നേരം അവിടെ നിന്ന് കിതപ്പു മാറ്റിയ കാറ്റ്, മരങ്ങൾക്കിടയിലൂടെ അവളെ തൊട്ട് കടന്നുപോയി. ഞങ്ങൾക്കിവിടെയൊന്നുമില്ല എന്ന് പരിഭവിച്ചുകൊണ്ട് ചവറ്റിലക്കിളികളും പറന്നു പോയി. ചീവീടുകളാകട്ടെ അവനവൻ്റെ പാട് നോക്കി പൊത്തുകളിലേക്ക് വലിഞ്ഞു.

ചന്തി വൃത്തിയായി കഴുകിയ ശേഷം ആരോഹി എണീറ്റു. ലോട്ടയിലെ ബാക്കിയായ വെള്ളം കൊണ്ട് അവൾ കൈകൾ നന്നായി കഴുകി, ചുള്ളിക്കാടുകൾക്കിടയിൽ നിന്നും എലന്തപ്പഴം പറിച്ചു തിന്നു. ഒരുകൂട്ടം പന്നികൾ ഒച്ചയുണ്ടാക്കാതെ അവിടെ തീറ്റ തേടി നടന്നിരുന്നു. അവർ ആരോഹി വെളിക്കിരുന്ന ഭാഗത്തേക്ക് മണത്തു മണത്തു ചെന്നു.

ആരോഹി അബ്ബയെയോർത്തു. റെയിൽവേ കോളനിയിൽ തോട്ടിപ്പണി ചെയ്യുന്ന അബ്ബ. മാജിയുടെ കൂടെ നിന്ന് ഡോക്കയുണ്ടാക്കുന്ന അബ്ബ. കക്കരിപ്പാടങ്ങളിലേക്ക് ധൃതിയിൽ പണിക്കു പോകുന്ന, അവൾക്ക് ഖീറും, കാജലും വാങ്ങിവരുന്ന അബ്ബ. അബ്ബ ഉറുമ്പോ അതോ പന്നിയോ? എല്ലാരും തീറ്റയല്ലേ തേടുന്നത്? എങ്കിലും ചേറിൽ കുത്തിമറയുന്ന പന്നിയല്ല, അശു പോലെ മെലിഞ്ഞുണങ്ങിയ തന്റെ അബ്ബയെന്ന് അവൾക്ക് തോന്നി. ചിലപ്പോൾ ഉറുമ്പുകൂട്ടത്തിലെ തലവലിപ്പമുള്ള ആണുറുമ്പായിരിക്കും.

എരുമകളുടെ വിശന്നിട്ടുള്ള അമറൽ അവൾ കേട്ടു. നാനി എണീറ്റു കാണില്ല. രാവിലെ ഏഴേകാലിന് മുമ്പ് അബ്ബ കക്കരിയുമായി റെയിൽവേ സ്‌റ്റേഷനിലെത്തും. ട്രെയിൻ വൃത്തിയാക്കാൻ ബോലു പോകുമ്പോൾ എട്ടരയാകും. ഒരു വട്ടിനിറയെ ഡോക്ക്ലയുണ്ടാക്കി മാജിയിറങ്ങുമ്പോൾ ഒൻപതുമണിയും കഴിയും. അവർ പോയിക്കഴിഞ്ഞാൽ പിന്നെ നാനിയും ആരോഹിയും മാത്രമാകും. അവർ എരുമകൾക്കുള്ള വെള്ളവും തീറ്റയുമിട്ട്, ഒരുമിച്ച് കഥ പറഞ്ഞും, വിറകും ചാണകവും പെറുക്കിയും പകൽ മുഴുവൻ ആ ഗ്രാമത്തിലൂടെ തെണ്ടി നടക്കും.

എരുമകൾ വീണ്ടും അമറിയപ്പോൾ ആരോഹി വേഗം കൂട്ടി നടന്നു. അവൾ പോയവഴിയിലേക്ക് നോക്കിക്കൊണ്ട് കാത്തു നിൽക്കുന്ന അവറ്റകളുടെ കണ്ണിലെ ദൈന്യത കണ്ടപ്പോൾ അവളുടെ മനസ് വിങ്ങി. ആരോഹി ടാങ്കിൽ നിന്നും വെള്ളം മുക്കി വേഗം എരുമകൾക്ക് കൊടുത്തു.

അവറ്റയ്ക്കുള്ള പുല്ലിറുത്ത് മൂരിനിവർന്നപ്പോളാണ് അവളാ ശബ്ദം കേട്ടത്. പരിചിതമായ പ്രത്യേക താളത്തിലുള്ള ആ തീവണ്ടി ശബ്ദം!! അത് കേട്ടപ്പോൾ അവളുടെ ഉറക്കച്ചടവെല്ലാം ഞൊടിയിടയിൽ മാറി. അത് അകലെ നിന്നും കൂകിയെത്തുന്ന കൽക്കരി വണ്ടിയുടെ ശബ്ദമായിരുന്നു!

ആ പ്രദേശത്തിലൂടെ വല്ലപ്പോഴുമാണൊരു കൽക്കരിവണ്ടി പോകാറ്. റെയിൽപ്പാളത്തിലൂടെ ചീറിപ്പാഞ്ഞുപോകുന്ന കൽക്കരിവണ്ടിയിൽ നിന്നും ഇരുവശങ്ങളിലേക്കും കൽക്കരിത്തുണ്ടുകൾ വീണുകിടക്കും. അന്നാട്ടുകാർ ആവേശത്തോടെ അവ പെറുക്കിയെടുക്കും. ഒരു കൽക്കരികഷണം കൊണ്ട് കുറച്ചധികം ദിവസം തീ കത്തിക്കാം എന്നതിനാൽ കിട്ടുന്ന ഓരോ കൽക്കരിത്തുണ്ടും അവർക്ക് അമൂല്യമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമെത്തി കൽക്കരിക്കഷ്ണങ്ങൾ പെറുക്കുവാൻ അവർ തമ്മിൽ മത്സരിച്ചിരുന്നു.

തീവണ്ടിയുടെ ശബ്ദം അടുത്തടുത്ത് വരുന്നതും പാളങ്ങളിൽ ചക്രങ്ങൾ ശക്തിയായി ഉരസുന്നതും കേട്ടപ്പോൾ ആ കൽക്കരി വണ്ടി വേഗം കുറക്കുകയാണെന്ന് ആരോഹിക്ക് മനസ്സിലായി. ഒരു വേളയെങ്ങാനും ആ തീവണ്ടി ഇവിടെ നിൽക്കുമോ? അവളുടെ അടിവയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു.

ആരോഹി, നാനി പറഞ്ഞ കഥയോർത്തു. അവരുടെ ചെറുപ്പത്തിലൊരിക്കൽ മാത്രം, പള്ള നിറയെ കൽക്കരിയുമായി ഒരു തീവണ്ടി ആ ഗ്രാമത്തിൽ ഓടിക്കിതച്ചു നിന്ന കഥ. നാട്ടുകാർക്ക് അന്നൊരുത്സവമായിരുന്നു. തോട്ടി കൊണ്ട് കുത്തിയും ട്രെയിനിനു മുകളിൽ കയറിയും മറ്റും പരമാവധി കൽക്കരിക്കഷണങ്ങൾ അവരന്നു വാരിയെടുത്തു. ട്രെയിൻ ഗാർഡുകൾ ഓടിയെത്തുമ്പോഴേക്കും കുറെ മാസങ്ങൾക്ക് വേണ്ട കൽക്കരി അവർക്ക് കിട്ടുകയും ചെയ്തു.

ആരോഹി റെയിൽപ്പാളത്തിലേക്ക് ശരവേഗത്തിൽ ഓടി. ശമനതാളത്തിൽ പാളത്തെ ഭോഗിച്ചണയാൻ പോകുന്ന തീവണ്ടിച്ചക്രങ്ങൾ ശീൽക്കാരശബ്ദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു കൽക്കരി വണ്ടി അവളുടെ ഗ്രാമത്തിനടുത്ത് നിൽക്കാൻ പോകുകയാണെന്ന സത്യം അവളൊരുൾ ക്കിടിലെത്തോടെ മനസ്സിലാക്കി. ആ ചെങ്കൽ ചുവപ്പ് തീവണ്ടിയുടെ വയർ നിറയെ കൽക്കരി കൂമ്പാരങ്ങളായിരുന്നു.

തീവണ്ടി നിൽക്കുന്നതിനു മുമ്പ് നാനിയെ വിളിച്ചുകൊണ്ട് ആരോഹി കുടിലിലേക്ക് പാഞ്ഞു. തന്റെ പേരക്കുട്ടിയുടെ അലർച്ച കേട്ട് നാനി പരിഭ്രമിച്ചു ഉറക്കമെണീറ്റു പുറത്തേക്കിറങ്ങി വന്നിരുന്നു.

കൽക്കരിത്തീവണ്ടി വന്ന വിവരം നാനിയേയും ഉത്സാഹിത്തിലാക്കി. മുടന്തിയാണെങ്കിലും വേഗം കൂട്ടിക്കൊണ്ട് അവർ ആരോഹിക്ക് പുറകിൽ റയിൽപാളത്തിനടുത്തേക്ക് നടന്നു. അവിടെ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കുവാൻ വേണ്ടി അവർ കൽക്കരിവണ്ടി നിന്ന വിവരം വലിയവായിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ അച്ഛനോ അമ്മയോ ബോലുവോ അല്ലെങ്കിൽ ആ ഗ്രാമത്തിലെ ആരെങ്കിലുമോ ഉണ്ടായിരുന്നെങ്കിലെന്ന് ഓടുന്നതിനിടയിൽ ആരോഹിയും ഓർത്തു. അവരിരുവരുമെത്തുമ്പോൾ, ആ കൽക്കരി വണ്ടി വലിയൊരു ശബ്ദത്തോടെ നിന്നു കിതക്കുകയായിരുന്നു.

റയിൽപ്പാളത്തിന് താഴെവീണ് കിടന്ന കൽക്കരിതുണ്ടുകൾ പെറുക്കുവാൻ മുതിർന്ന ആരോഹിയെ വിലക്കിക്കൊണ്ട് നാനി ആ ബോഗിയുടെ മുകളിലേക്ക് വിരൽ ചൂണ്ടി. അതു നിറയെ വലിയ കൽക്കരിക്കഷ്‌ണങ്ങളായിരുന്നു. സമയം പാഴാക്കാതെ ബോഗിയുടെ വശത്തുള്ള ഏണിപിടിച്ച് മുകളിലേക്ക് കയറാൻ നാനിയൊരു ശ്രമം നടത്തി നോക്കി. അവർക്കതിന് കഴിയാതെ വന്നപ്പോൾ ആരോഹി പൊടുന്നനെ ബോഗിയിൽ ഘടിപ്പിച്ച ഏണിയിലൂടെ തീവണ്ടിയുടെ മുകളിലേക്ക് വലിഞ്ഞു കയറി. ബോഗിക്ക് മുകളിലെത്തിയ അവൾ, കൈകളിൽ കൊള്ളാവുന്ന കൽക്കരികഷണങ്ങൾ നിലത്തേക്ക് തള്ളിയിടാൻ തുടങ്ങി. വലുതും ചെറുതുമായ കൽക്കരികഷ്ണങ്ങൾ അവൾ തള്ളിയപ്പോൾ തീവണ്ടിയിൽ നിന്ന് ഒച്ചയുണ്ടാക്കിക്കൊണ്ട് താഴേക്ക് ചാടി. അവ പെറുക്കിക്കൂട്ടാൻ നാനി മുടന്തിക്കൊണ്ടോടി നടന്നു.

ആരോഹി, കൽക്കരിക്കഷ്ണങ്ങൾ തള്ളിയിടുകയും വാരിയെറിയുകയും തുടർ ന്നുകൊണ്ടേയിരുന്നു. അവളുടെ മുഖത്തും കൈകളിലും ശരീരമാകെയും കൽക്കരി കറുപ്പ് തേച്ചു. അവൾ മാജിയെ വീണ്ടുമോർത്തു. ഉറഞ്ഞുതുള്ളിക്കൊണ്ട് പന്നിയെ ഒറ്റ വെട്ടിന് കാലപുരിയ്ക്കയക്കുന്ന മാജിയുടെ കാളീമാതാവ്! ആരോഹിക്കപ്പോൾ അവളും ഒരു കാളിയാണെന്ന് തോന്നി. കറുപ്പുചേലയുടുത്ത ഉഗ്രരൂപീണിയായൊരു കറുത്തകാളി!

വൈകീട്ട് കാണുമ്പോൾ മാജിയുടെ മുഖം സന്തോഷം കൊണ്ട് നിറയും. 'എത്ര നാളേക്കുള്ള തീ ആണല്ലോ മോളെ ഇത്!" എന്നവർ തന്നെ കെട്ടിപ്പിടിച്ചു ചോദിക്കും. പിന്നെ, കൽക്കരി എല്ലാവർക്കും പങ്കു വെക്കും. ബോലുവിൻ്റെ അമ്മയ്ക്ക് കുറച്ചധികം കൊടുക്കാൻ പറയണം. നാടാകെ വലിയ സന്തോഷത്തിലാകും. മാജിയുടെ മുമ്പിൽ വെച്ച് ബോലുവിൻ്റെ അമ്മ, മറ്റയൽവാസികളോട് തൻ്റെ സാഹസികതയെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നതും അവൾ മനസ്സിലോർത്തു.

താഴെ നിന്ന് നാനി വലിയ കൽക്കരികഷണങ്ങൾ ആരോഹിക്ക് ചൂണ്ടിക്കാണി ച്ചുകൊണ്ടിരുന്നു. അവളതെല്ലാം വെക്കം നിലത്തേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയും ചെയ്തു.

നാനി, തന്റെ കാലിൻ്റെ വേദന മറന്നു. അവർ വളരെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. കൽക്കരിക്കഷണങ്ങൾ പെറുക്കികൂട്ടുമ്പോൾ തൻ്റെ ചെറുപ്പകാലത്തെക്കുറിച്ചവർ ചിന്തിച്ചു. അന്നായിരുന്നെങ്കിൽ താനും അവളോടൊപ്പം തീവണ്ടിയിൽ കയറിയേനെയെന്നും കുറെയേറെ കൽക്കരി വാരിയിട്ടേനെയെന്നും, കൽക്കരി പെറുക്കിക്കൊണ്ട് അവർ ഉറക്കെയുറക്കെ പറഞ്ഞു. കുറെ ഡോക്ക്ലയുണ്ടാക്കി എല്ലാർക്കും കൊടുക്കണമെന്നവർ മനസ്സിൽ കരുതി.

ആരോഹിയെ, തൻ്റെ കുഞ്ഞിപ്പെണ്ണിനെ ഇന്ന് മുൾട്ടാണി തേച്ചു കുളിപ്പിക്കണം, വയർ നിറയെ പലഹാരം തീറ്റിപ്പിക്കണം, പിന്നെ എരുമയുടെ പാല് ഇല്ലായെന്നു അയൽക്കാരോട് പറഞ്ഞ് അതിൽ നിറയെ പഞ്ചാര ചേർത്ത് അവൾക്ക് മാത്രം കൊടുക്കണം.. നാനി തന്റെ ചിന്തകളെ ഓരോന്നായി കൽക്കരിയോടൊപ്പം കൂട്ടിവെച്ചു.

അങ്ങിനെ ചിന്തിച്ചും പറഞ്ഞും കൊണ്ട് വലിയൊരു കൽക്കരി കഷണം മാറ്റിയിടുമ്പോളാണ് അവരാ സ്വപ്നം കണ്ടത്. ഏതാണ്ട് അതേ സമയത്ത് തന്നെ ആരോഹിയും ഒരു സ്വപ്‌നത്തിലേക്ക് യാത്ര തുടങ്ങിയിരുന്നു.

വലിഞ്ഞു മുറുകിയ ശബ്ദത്തോടുകൂടി ആ കൽക്കരിത്തീവണ്ടിയുടെ ചക്രങ്ങൾ മുമ്പിലേക്ക് ഉരുളുന്നതായിരുന്നു നാനി കണ്ട സ്വപ്നം.

ആരോഹിയാകട്ടെ, കൽക്കരിത്തീവണ്ടി എത്തിയ വിവരമറിഞ്ഞ് ഓടിവന്ന നാട്ടുകാർ പൊടുന്നനെ ഒരുറുമ്പിൻ കൂട്ടമാവുന്നതും അവൾ തള്ളിയിട്ട കൽക്കരിക്കഷണങ്ങൾ തലച്ചുമടായി വരിചേർന്ന് ചിട്ടയോടെ നീക്കുന്നതും അവസാനത്തെ കൽക്കരിത്തുണ്ടും താഴേക്കിട്ട് തീവണ്ടിയിൽ നിന്നും ഇറങ്ങിയ അവളെ, ഒരു പറ്റം ഉറുമ്പുകൾ ചേർന്ന് തോളിലേറ്റി കൊണ്ടുപോകുന്നതുമായ സ്വപ്‌നത്തിലും!

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള റെയിൽ പാളത്തിലൂടെ തീവണ്ടി മുന്നോട്ടു വേഗം കൂട്ടിയപ്പോൾ, അലറികരഞ്ഞു കൊണ്ട് നാനി ആ ബോഗിയുടെ ചവിട്ടുപടിയിൽ ഉടനെത്തന്നെ കയറിപ്പിടിച്ചു. എന്നാൽ, അവരെയും വലിച്ചുകൊണ്ട് ആ തീവണ്ടി മുമ്പോട്ട് കുതിച്ചുപാഞ്ഞു.

ആ വേഗത്തിൽ ഇരു വശങ്ങളിലേക്കും പിളർന്ന കാറ്റ്, അവിടമാകെ കൽക്കരിപ്പൊടിയും കരിയിലകളും പരത്തുമ്പോൾ ചുടുകാറ്റിൽ മുടിയിഴകൾ പറത്തിക്കൊണ്ട് കറുത്ത കാളികണക്കെ ഭ്രാന്തമായ ആവേശത്തോടെ ആരോഹി കൽക്കരിക്കഷണങ്ങൾ തീവണ്ടിവേഗത്തിൽ താഴേക്ക് തള്ളിയിട്ടുകൊണ്ടേയിരുന്നു.

You'll be asked for your name and roll number once.

Comments

Be the first to leave a note for the writer.