ഒരു തിങ്കളാഴ്ച
Mahesh IM · 4718 · Batch 2014
June 4, 2007 - ഒരു തിങ്കളാഴ്ച
അസാധാരണമായ ഒരു യാത്രപറച്ചിലായിരുന്നു അത്. മുൻപ് പലതവണ വീട്ടിൽ നിന്ന് മാറി നിന്നിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അങ്ങനെയായിരുന്നില്ല. ഇനി കുറെയധികം നാളത്തേക്ക് വീട്ടുകാരെയോ, നാട്ടുകാരെയോ, നാട്ടിലെ കൂട്ടുകാരെയോ ഒന്നും കാണാൻ കഴിയില്ലായെന്നും, ഇനിയുള്ള 7 വർഷങ്ങൾ ഈ സ്ഥലത്തെ ചുറ്റിപറ്റിയുള്ളതാണെന്നുമുള്ള തിരിച്ചറിവൊന്നും അന്നുണ്ടായിരുന്നില്ല.
ഒരു പെട്ടി വീട്ടിൽ നിന്ന് കൊണ്ട് വന്നിട്ടുണ്ട്, കറുത്ത വലിയ പെട്ടി. അതിൽ കുറെയധികം സാധനങ്ങളും. ആദ്യമായിട്ടാണ് ഇത്രയും ഡ്രെസ്സും ഷൂസുമൊക്കെ ഒന്നിച്ചു കാണുന്നത് തന്നെ. എല്ലാം ഇനി അങ്ങോട്ട് സ്ഥിരം ഉപയോഗിക്കേണ്ട സാധനങ്ങളാണ്. പരസ്പരം മാറിപ്പോകാതിരിക്കാനായി എല്ലാവരും അവരവരുടെ വസ്തുക്കളിൽ പെയിന്റ് ഉപയോഗിച്ച് ഓരോ നാലക്കസംഖ്യ എഴുതി വയ്ക്കുന്നുണ്ട്.
മെഡിമിക്സ് സോപ്പിന്റെ നല്ല മണം. നമ്മുടെ പല ഓർമ്മകളെയും ഗൃഹാതുരത്വം ഉളവാക്കുന്നവിധം ഉണർത്തുന്നതിൽ ആ സാഹചര്യങ്ങളിൽ നമ്മൾ അനുഭവിച്ച ഗന്ധങ്ങൾക്ക് ഒരു വല്യ പങ്കുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്. തോന്നലല്ല, അങ്ങനെയുണ്ട്. അല്ലെങ്കിൽ ഇന്നും എവിടെനിന്നെങ്കിലും മെഡിമിക്സ് സോപ്പിന്റെ മണം മൂക്കിലേക്ക് കടന്നുവന്നാലുടൻ വർഷങ്ങൾക്ക് മുൻപുള്ള ഈ സംഭവങ്ങളിലേക്ക് മനസ്സ് യാത്രപോകുന്നതെങ്ങനെ?
സോപ്പ് ഇട്ടുവയ്ക്കാൻ ഒരു സോപ്പ് പെട്ടിയും, സോപ്പ് പെട്ടിയിട്ടുവയ്ക്കാൻ ഒരു മഗ്ഗും, മഗ്ഗിട്ട് വയ്ക്കാനൊരു ബക്കറ്റും കയ്യിലുണ്ടായിരുന്നു. കുളിസ്ഥലം കാണിച്ചു തരാൻ കൊണ്ടുപോകുന്നത് ഒരു ചേട്ടനാണ്. നീല നിക്കറും, മജെന്ത കളർ ബനിയനും ഇട്ട ഒരു ചേട്ടൻ. പുള്ളി ബാത്‌റൂമിന്റെ മുൻപിൽ കൊണ്ട് നിർത്തി ബക്കറ്റിൽ നിന്ന് മഗ്ഗും സോപ്പ്പെട്ടിയുമെടുത്ത് ബാത്‌റൂമിന്റെ മുൻപിൽ വച്ചിട്ട് ഇങ്ങനെ ഉറക്കെ വിളിച്ച് പറഞ്ഞു:
"ഫസ്റ്റ് ബാത്രൂം സെക്കന്റ് ബുക്കിങ്."
ഇനിയങ്ങോട്ട് ദിവസവും കുളിക്കണമെങ്കിൽ ബാത്രൂം ബുക്ക് ചെയ്യണമെന്നും, ഒരു ബാത്രൂം മാത്രമല്ല ലാട്രിനും തന്റെ ഒറ്റയിരിപ്പുകൊണ്ട് ബുക്ക് ചെയ്ത് കളയാൻ കെല്പുള്ള സാധനമാണ് സോപ്പു പെട്ടിയെന്നുമൊക്കെ അന്നുണ്ടോ അറിയുന്നു? ഒന്ന്, അര, കാൽ അങ്ങനെ ബക്കറ്റിലുള്ള വെള്ളത്തിന്റെ അളവ് എന്തുമാകട്ടെ അത് വളരെ ശാസ്ത്രീയമായി ഉപയോഗിച്ച് കൊണ്ട് എങ്ങനെ കുളിക്കാം എന്ന ഗവേഷണത്തിനുകൂടിയാണ് അന്നവിടെ തുടക്കം കുറിച്ചത്.
പറഞ്ഞ് വന്നത് മറന്നു, ഇന്ന് ജൂൺ 4, 2026. പൊരിച്ചമീനും ദാലും കൂട്ടി മെസ്സിലിരുന്ന് ആദ്യമായി ചോറുണ്ടിട്ട് ഇന്നേക്ക് 19 വർഷം.
You'll be asked for your name and roll number once.
Comments
Be the first to leave a note for the writer.